ഗുരുവായൂർ: ക്ഷേത്രദർശനത്തിനായുള്ള മുതിർന്ന പൗരന്മാരുടെ പ്രത്യേക വരിയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രമേ ഉൾപ്പെടുത്തൂവെന്ന് ദേവസ്വം തീരുമാനിച്ചു. ഇതുവരെ 60 വയസ്സ് കഴിഞ്ഞവർക്കും ഈ സൗകര്യം ലഭിച്ചിരുന്നു. പുതുക്കിയ മാനദണ്ഡപ്രകാരം ഇവരെ ഇനി ‘സൂപ്പർ സീനിയേഴ്‌സ്’ എന്ന പേരിലാണ് പരിഗണിക്കുക.
ഗുരുവായൂരിൽ വഴിപാട് സൗകര്യം വിപുലീകരണം: പുതിയ കൗണ്ടറുകൾ ആരംഭിച്ചു
ഭക്തരുടെ സൗകര്യം മുൻനിർത്തി ഗുരുവായൂരിൽ വഴിപാട് കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ചു. ക്ഷേത്രത്തിന്റെ തെക്കേ മതിൽക്കെട്ടിൽ വഴിപാട് ശീട്ടെടുക്കുന്നതിനും പടിഞ്ഞാറെനടയിൽ പ്രസാദം വാങ്ങുന്നതിനുമായി ഓരോ അധിക കൗണ്ടർ വീതമാണ് ആരംഭിച്ചത്.
ശീട്ടെടുക്കുന്ന കൗണ്ടറുകളിൽ ക്ലാർക്കുമാർക്ക് പുറമേ സുരക്ഷാ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. മുൻപ് വഴിപാട് ശീട്ടെടുക്കാനും തുടർന്ന് പ്രസാദം ലഭിക്കാനുമായി ഭക്തർക്ക് ദീർഘനേരം വരിയിൽ നിൽക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പൊതുഅവധി ദിവസങ്ങളിൽ ഇത് ഒരുമണിക്കൂറോളം നീണ്ടിരുന്നു. ഇതിനെതിരെ ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് ദേവസ്വം നടപടി സ്വീകരിച്ചത്.

















